
പത്തനംതിട്ട: സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു. സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്കാരം നൽകിയത്.
സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിൽ ആഗ്രഗണ്യനാണ് അദ്ദേഹം. സാംസ്കാരിക കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ, അയ്യപ്പനെ സാക്ഷി നിർത്തി എഴുതിയ അയ്യപ്പ ഗാനങ്ങൾ അയ്യപ്പകാരുണ്യം, ശരണാമയം അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആൽബങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി അറിയിച്ചു.
സർവ്വമത സാഹോദര്യത്തിനും സർഗ സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്നതാണ് ഹരിവരാസനം പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സംഗീതത്തിലൂടെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തിന് പുരസ്കാരം നൽകിയത്.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സിവി പ്രകാശ്, സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്കാര നിർണയ സമിതി. ശബരിമല സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് മന്ത്രി പികെ ശേഖർ ബാബു മുഖ്യാതിഥിയായി. പ്രമോദ് നാരായണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെയു ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത്, പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ, ശബരിമല എഡിഎം അരുൺ എസ് നായർ, പത്തനംതിട്ട സബ് കലക്ടർ സുമിത്ത് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സിവി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറി ടിആർ ജയപാൽ പ്രശസ്തി പത്ര പാരായണം നടത്തി. സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങൾ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിനെ ഒരു ലക്ഷം രൂപ നൽകി വേദിയിൽ ആദരിച്ചു.
Be the first to comment