പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 44 പേർ അറസ്റ്റിൽ; ഇനി പിടിയിലാകാനുള്ളത് 15 പേര്‍; പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്ത് കോടതി

പത്തനംതിട്ട പീഡന കേസില്‍ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു. കേസിൽ ഇതുവരെ 44 പ്രതികൾ അറസ്റ്റിലായി. ഇനി 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. പിടിയിലാകാനുള്ളവരില്‍ രണ്ട് പേര്‍ വിദേശത്താണ്. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അജിത ബീഗം വ്യക്തമാക്കി. കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്.

ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയില്‍ 16 കേസുകളിലായി 14 പേരും പിടിയിലായിട്ടുണ്ട്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി. പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ രണ്ട് യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേല്‍നോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സര്‍ക്കാര്‍ കൈമാറിയത്. പൊതു ഇടങ്ങളില്‍ വച്ചാണ് പെണ്‍കുട്ടി കൂടുതലും ചൂഷണത്തിനിരയായത്. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് വെച്ചും സ്വകാര്യ ബസ്റ്റാൻഡിൽ വെച്ചും പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പീഡന വിവരങ്ങളായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. 62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നൽകിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*