ഫോഡ് എവറസ്റ്റ് ഇന്ത്യയിലേക്ക്; മടങ്ങിവരവ് കളറാക്കാൻ കമ്പനി; എത്തുന്നത് 3 ലീറ്റർ വി6 എൻജിനുമായി

ഫോഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എൻഡവറിനെ ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുന്നു. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നത്. കരുത്തോടെയാണ് മടങ്ങിവരവ്. എവറസ്റ്റിന് 3 ലീറ്റർ വി6 എൻജിൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റർ വി6 എൻജിനാണ് ഇന്ത്യയിലേക്കും എത്തിക്കുക. രണ്ട് ലീറ്റർ ബൈ ടർബോ എൻജിനും വാഹനത്തിലുണ്ടാകും.

250 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് എവറസ്റ്റിന്റെ 3 ലീറ്റർ വി6 എൻജിൻ. 2026ന് മുൻപ് ഇന്ത്യയിലേക്കെത്തിക്കാനാണ് നീക്കം. നേരത്തെ പേരിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് ഇന്ത്യയിൽ എവറസ്റ്റിനെ എൻഡവറായി അവതരിപ്പിക്കാൻ ഇടയാക്കിയത്. എന്നാൽ മടങ്ങിവരവിൽ ഇതെല്ലാം മറികടന്നാണ് എവറസ്റ്റ് തിരികെയെത്തുന്നത് ഇതോടെ ഒരേ പേരിൽ വിപണികളിൽ ഉത്പന്നം പുറത്തിറക്കാൻ ഫോഡിന് കഴിയും. അതേസമയം ഇന്ത്യയിലേക്കുള്ള ഉല്പാദനം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ കമ്പനി അറിയിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ വിദേശത്ത് നിർമ്മിച്ചും പിന്നീട് ചെന്നൈയിലെ പ്ലാന്റിൽ നിർമിച്ചും വിപണിയിലെത്തിക്കാനാണ് തീരുമാനം.

എൻഡവറിനെ അപേക്ഷിച്ച് കൂടുതൽ ബോക്‌സിയായ ഡിസൈനായിരിക്കും എവറസ്റ്റിന്. ഫോഡിന്റെ ഏറ്റവും പുതിയ എസ് വൈഎൻസി ഇൻഫോടെയിൻമെന്റ് സോഫ്റ്റ്‌വെയറും എവറസ്റ്റിന് ലഭിക്കും. അഡാസ് സുരക്ഷയ്ക്കൊപ്പം ഒമ്പത് എയർ ബാഗും എവറസ്റ്റിലുണ്ടാവും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വരുക. സിംഗിൾ ടർബോ, ട്വിൻ ടർബോ സംവിധാനത്തിൽ 2.0 ലിറ്ററിന്റെ രണ്ട് ഡീസൽ എൻജിനുകളിലും ഒരു 3.0 ലിറ്റർ വി6 ഡീസൽ എൻജിനിലുമാണ് ഈ വാഹനം വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ളത്. ടൊയോട്ട ഫോർച്യുണറാകും വിപണിയിലെ മുഖ്യ എതിരാളി.

Be the first to comment

Leave a Reply

Your email address will not be published.


*