‘പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല’; പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന് എതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ഒരു നീക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ രാജിയും വന നിയമ ഭേദഗതിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘എന്റെ ഓഫീസ് ആ തരത്തില്‍ ഇടപെടുന്ന ഒരു ഓഫീസ് അല്ല. ഓഫീസിലുള്ള ആരും ഇടപെട്ടതിന്റെ ഭാഗമായി ഈ പറയുന്ന വ്യക്തി അന്നത്തെ നിയമസഭയില്‍ ഉന്നയിച്ചതുമല്ല. നിയമസഭയില്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാപ്പ് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടാകും. അതിന് സഹായകമാകുമെങ്കില്‍ അത് നടക്കട്ടെ. അതിന് വേണ്ടി ഞങ്ങളെയും എന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടതില്ല എന്നേയുള്ളു’ – മുഖ്യമന്ത്രി വ്യക്തമാക്കി.

അന്‍വര്‍ എന്തും പറയുന്ന ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് പറയാനാവില്ലെന്നും താനല്ല അത് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിക്ക് അതിന് നിയതമായ രീതിയുണ്ടെന്നും താന്‍ മത്സരിക്കുമോ എന്നത് പറയേണ്ടത് അന്‍വറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാട്ട് വിവാദവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. വല്ലാതെ അധിക്ഷേപിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്‍പ്പം പുകഴ്ത്തല്‍ വന്നാല്‍ വല്ലാത്ത അസ്വാസ്ഥ്യം നിങ്ങള്‍ക്കുണ്ടാക്കുമെന്ന് മാധ്യമങ്ങളോട് സരസമായി അദ്ദേഹം പറഞ്ഞു. സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ. അങ്ങനെയുള്ള ആളുകള്‍ക്ക് ഇതുകാരണം വല്ലാത്ത വിഷമം ഉണ്ടാകും. അതിനെ അങ്ങനെ കണ്ടാല്‍ മതി- അദ്ദേഹം വ്യക്തമാക്കി. തങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കുന്നവരല്ലെന്നും അതിന്റെ ഭാഗമായി ഏതെങ്കിലും കാര്യങ്ങള്‍ ആര്‍ക്കും നേടാനും കഴിയില്ലെന്നും അതാണ് പൊതു സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*