‘ഋഷിപീഠം’, സമാധിക്കായി പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപന്‍ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. നേരത്തെ പൊലീസ് പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുള്ളത്. കല്ലറയ്ക്കുള്ളില്‍ സമാധി ഇരുത്തുന്നതിനായി കല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഋഷിപീഠം എന്നാണ് പുതിയ സമാധിക്ക് നാമകരണം ചെയ്തിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണിയോടെ ഗോപന്‍സ്വാമിയുടെ മൃദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. വിഎസ്ഡിപി നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നേരത്തെ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങള്‍ ദുരീകരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതേസമയം ഫൊറന്‍സിക് ലാബ്, കെമിക്കല്‍ ലാബ് തുടങ്ങിയ രാസപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലേ മരണം സംബന്ധിച്ചുള്ള അവ്യക്തതകള്‍ പൂര്‍ണമായി നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*