വയനാട് DCC ട്രഷററുടെ ആത്മഹത്യ; 3 കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐസി ബാലകൃഷ്ണൻ എംഎൽഎ, എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കേസിലെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചത്. എന്നാൽ ആത്മഹത്യ കുറിപ്പിനു പുറമെ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി പ്രോസിക്യൂഷനും വാദിച്ചു. കേസിൻ്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ചേര്‍ത്തതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം. ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*