കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം

കണ്ണൂരിൽ നവജാത ശിശുവിന്റെ കാലിന്റെ തുട ഭാഗത്ത് നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് ശ്രീജു പരിയാരം പൊലീസിൽ പരാതി നൽകി. പരിയാരം ഗവ മെഡിക്കൽ കോളജിൽ നിന്നായിരുന്നു കുഞ്ഞ് ജനിച്ച് രണ്ടാം ദിവസം കുത്തിവെപ്പ് എടുത്തത്. ശേഷം കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ വീണ്ടും കുഞ്ഞുമായി കുടുംബം എത്തിയെങ്കിലും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. അപ്പോഴായിരുന്നു കുഞ്ഞിന്റെ തുടയിൽ നിന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്.

കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ട് തുടങ്ങിയിരുന്നു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*