‘അവസരം ഒത്തു വന്നപ്പോൾ കൊന്നു, കുറ്റബോധമില്ല’; ചേന്ദമംഗലം കൂട്ടക്കൊലകേസിൽ പ്രതി ഋതു ജയന്റെ മൊഴി

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താൻ ആക്രമണം നടത്തിയതെന്ന് ഋതു ജയൻ ആവർത്തിച്ചു. 2 ദിവസം മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതി പറ‍ഞ്ഞു. എന്നാൽ അയൽവാസികൾ കൂടുതൽ പേർ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്ന് ഋതു ജയന്റെ മൊഴി.

പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഋതു ജയനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട് പോകും. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിൻ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

പ്രതിക്കെതിരെ കടുത്ത ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തെളിവെടുപ്പ് അടക്കം പൊലീസിന് വലിയ വെല്ലുവിളിയാകും.കൊലപാതകം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താൻ കൂടുതൽ പൊലീസിനെ ഉൾപ്പെടെ നിയോഗിക്കേണ്ടതുണ്ട്. ജയിലിന് ഉള്ളിലും പ്രതി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് പൊലീസിന് ജയിലധികൃതർ നൽകിയ വിവരം.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പേരേപ്പാടം കാട്ടിപ്പറമ്പിൽ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തലയ്ക്കടിയേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്ത്തി പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിച്ചു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*