‘ഷൂട്ടിംഗിനിടെ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു’; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ

കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.

നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാര്‍ അടക്കം ഇതിനെ എതിര്‍ത്തെന്നും. ഇത് പ്രശ്നമുണ്ടാക്കിയെന്നുമാണ് വിവരം. വന നശീകരണം അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലം കര്‍ണ്ണാടക വനം വകുപ്പ് സംഘം പരിശോധിക്കും. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങള്‍ വനം വകുപ്പ് അന്വേഷിക്കും.

അതേ സമയം ഷൂട്ടിംഗിനിടെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മില്‍ നടന്ന തര്‍ക്കം മൂലം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*