‘ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല; സിപിഐ വികസന വിരുദ്ധരല്ല’; ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. കുടിവെള്ളം, ശുദ്ധവായു എന്നിവയെല്ലാം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണ് – ബിനോയ് വിശ്വം വ്യക്തമാക്കി. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എലപ്പുള്ളിയിലെ വിവാദ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയത് സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെയാണ്. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എംഎന്‍ സ്മാരകത്തിലെത്തി കണ്ടിരുന്നു. പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ കൂടിക്കാഴ്ച സ്വാഭാവികമെന്നാണ് ചര്‍ച്ച സ്ഥിരീകരിച്ച് എം ബി രാജേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 5 ഏക്കറില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂ. കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചു 2 വര്‍ഷത്തിനുശേഷം വൈദ്യുതിയും ഉല്‍പാദിപ്പിക്കും. 1200 പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കും. ഇതില്‍ ആദ്യ മുന്‍ഗണന കമ്പനി ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവര്‍ക്ക്. അനുമതി നേടാന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ല. സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ,പൂര്‍ണ്ണമായ വിവരങ്ങള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കും – കമ്പനി അധികൃതര്‍ വിശദമാക്കി.

മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി പാലക്കാട് രൂപത രംഗത്തെത്തിയിട്ടുണ്ട്. മദ്യനിര്‍മ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി. എലപ്പുള്ളിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കര്‍ഷകര്‍ പട്ടിണിയിലാകും. മലമ്പുഴ ഡാമില്‍ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി. മദ്യത്തിന്റെ വില്പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിര്‍മ്മാണമെന്ന് വ്യക്തമാണ്. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*