രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.

വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചിന്തയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഓഹരി വിപണിയിലെ ഇടിവും രൂപയെ ബാധിച്ചിട്ടുണ്ട്.

അതേസമയം അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 78.05 ഡോളര്‍ ആയാണ് താഴ്ന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് എണ്ണവില കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ അമേരിക്കന്‍ എണ്ണ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400 ഓളം പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

 

Be the first to comment

Leave a Reply

Your email address will not be published.


*