ബെവ്‌കോയ്ക്ക് മദ്യമെത്തിക്കാൻ 16 വിതരണക്കാർ കൂടി; പുതുതായി 320 ബ്രാൻഡുകൾ കൂടി വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതി. പരിഷ്‌കരിച്ച വില നിലവാരത്തിൽ 320 ബ്രാൻഡുകൾ കൂടി വിപണിയിലെത്തും. പുതുതായി 16 കമ്പനികളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ റേറ്റ് കോൺട്രാക്‌ടിലാണെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി  പറഞ്ഞു.

പുതിയ വിതരണക്കാരിൽ നിന്നും പുതിയ ബ്രാൻഡ് ഇന്ത്യൻ നിർമിത വിദേശ മദ്യം, വിദേശ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവ ബെവ്‌കോ ഔട്ട്ലെറ്റുകളിലെത്തും. നിലവിലുള്ള വിതരണക്കാർ 904 പുതിയ ബ്രാൻഡുകളും ഇന്നു മുതൽ വിപണിയിലെത്തിക്കും. ഇന്നു മുതൽ 45 വിതരണക്കാരിൽ നിന്നെത്തുന്ന 107 ബ്രാൻഡുകൾക്ക് വില കുറയുമെന്നും ബെവ്‌കോ ഫിനാൻസ് ജനറൽ മാനേജർ അഭിലാഷ് വ്യക്തമാക്കി.

341 ബ്രാൻഡുകൾക്കാണ് വില വർധിപ്പിച്ചത്. 301 ബ്രാൻഡുകളെ വില വർധനവ് ബാധിച്ചിട്ടില്ല. പുതുക്കിയ വില നിലവാരത്തിലാണ് ഇന്ന് സംസ്ഥാനത്തെ മദ്യ വില്‍പന. പുതുതായി വോഡ്‌ക, വിസ്‌കി, റം, ബിയർ ഏന്നീ ഇനങ്ങളാക്കും പുതിയ ബ്രാൻഡുകളായി എത്തുക. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ മദ്യ നിർമാണ ലൈസന്‍സുകളും ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ്ങിനുള്ളതാണ്.

ഡിസ്റ്റിലറി ലൈസന്‍സാണ് സ്‌പിരിറ്റ് നിര്‍മാണ ലൈസന്‍സ്. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് പുറത്ത് നിന്നും സ്‌പിരിറ്റ് സംസ്ഥാനത്തെത്തിച്ച് മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് ബിവറേജസ് കോര്‍പ്പറേഷന് വില്‍പന നടത്തുന്നതിനെയാണ്. ഈ ലൈസന്‍സുളള കമ്പനികളാണ് 18 എണ്ണവും. ഇതില്‍ രണ്ടെണ്ണം ബിയർ നിര്‍മിക്കുന്ന ബ്രൂവറികളാണ്.

ലൈസന്‍സുള്ള 18 കമ്പനികളില്‍ ചേര്‍ത്തലയിലെയും പാലക്കാട്ടെയും മക്‌ഡോവല്‍ കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കാള്‍സ്, പാലക്കാട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബിവറീസ് അഥവാ കിങ്‌ഫിഷര്‍ (കെഎഫ്) എന്നിവയാണ് ബ്രൂവറികൾ.

Be the first to comment

Leave a Reply

Your email address will not be published.


*