റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിലാണ്.റേഷൻ കടയിൽ സാധനമില്ല , പക്ഷേ എവിടെ പോയാലും മദ്യം കിട്ടുന്ന അവസ്ഥ അങ്ങിനെയുള്ള നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെങ്കിൽ പിണറായി സർക്കാരിനെ താഴെയിറക്കണമെന്നും അതിനായി പ്രവർത്തിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി ഇറങ്ങണം. യഥാർത്ഥ യജമാനൻമാർ ജനങ്ങളാണ്
അവരെ വീടുകളിൽ എത്തി സന്ദർശിക്കണം.ഗൃഹസന്ദർശനം നടത്താത്തവർ ഭാരവാഹിത്വത്തിൽ വേണ്ട. അതൊരു തീരുമാനമാക്കി മാറ്റണം.

വാർഡിൽ ജയിക്കാൻ ഉതകുന്ന നല്ല സ്ഥാനാർഥിയെ കണ്ടെത്തണം. ജയിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ കിരാത ഭരണത്തിന് അറുതി വരുത്താൻ ഇതേ മാർഗമുള്ളു. തമ്മിലടിച്ചാൽ ഇത് എല്ലാക്കാലവും അനുഭവിക്കേണ്ടി വരും.അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത പാർട്ടിയൊന്നുമല്ല കോൺഗ്രസ്.
പാർട്ടിയെ ഭിന്നിപ്പിക്കാനല്ല , വിജയിപ്പിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്, അങ്ങനെ വേണം പാർട്ടി സംവിധാനം മുന്നോട്ട് കൊണ്ടു പോകാൻ. തെറ്റിദ്ധാരണമൂലം ഇടക്കാലത്ത് പാർട്ടി വിട്ടു പോയവരെ തിരികെ കൊണ്ടുവരേണ്ടത്ത് നേതൃത്വത്തിന്റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*