വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടു ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.

വനിതാ ജനറല്‍ സംരവണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ തെരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ലീഗ് മെമ്പര്‍ക്ക് തലകറക്കം കാരണമാണ് വരാതിരുന്നതെന്നാണ് യുഡിഎഫ് വിശദീകരിച്ചിരുന്നത്.

ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം രമ്യതയിലെത്തിച്ചത്.

തുടര്‍ന്ന് ലക്ഷ്മി ആലക്കാമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. തെരഞ്ഞെടുപ്പില്‍ ബെന്നി ചെറിയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് വോട്ടു ചെയ്തു. പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ടുചെയ്തതെന്ന് ബെന്നി പറഞ്ഞു. ഇടതുമുന്നണി വിട്ട ബെന്നി ചെറിയാൻ അടുത്തിടെയാണ് പി വി അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.

ഇതോടെ തൃണമൂൽ കോൺ​ഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി.നേര​ത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. ബെന്നി ചെറിയാന്റെ പിന്തുണയോടെ അവിശ്വാസത്തിലൂടെയാണ് ആസ്യയെ പുറത്താക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*