ജീവിതകാലം മുഴുവന്‍ ഗാന്ധിയെ ദ്രാവിഡ രാഷ്ട്രീയക്കാര്‍ കളിയാക്കിയിരുന്നു, ഇനിയും തുടരണോ?; തമിഴ്‌നാട് സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഗവര്‍ണര്‍

ഡിഎംകെ സര്‍ക്കാര്‍ മഹാത്മാഗാന്ധിയെ അപമാനിച്ചതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. രക്തസാക്ഷിത്വ ദിനത്തില്‍ ഗിണ്ടിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ടത്താതെ എഗ്മോറിലെ സര്‍ക്കാര്‍ മ്യൂസിയത്തിലെ പ്രതിമയ്ക്ക് മുന്നില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗാന്ധി സ്മൃതി മണ്ഡപത്തിന് സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ദ്രാവിഡ ആശയങ്ങള്‍ പിന്‍പറ്റിയിരുന്നവര്‍ ജീവിതകാലം മുഴുവന്‍ ഗാന്ധിജിയെ കളിയാക്കിയിരുന്നു. ഇനിയും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരണമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.

1956ല്‍ കെ കാമരാജ് ചെന്നൈയിലെ ഗിണ്ടി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന് മഹാത്മാവിനുവേണ്ടി നിര്‍മിച്ച ചരിത്രപ്രാധാന്യമുള്ള സ്മാരകമാണ് ഗാന്ധി സ്മൃതി മണ്ഡപമെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. നമ്മുടെ രാഷ്ട്രത്തിന്റെ പിതാവിന്റെ രക്ഷസാക്ഷിത്വദിനം സക്കാര്‍ മ്യൂസിയത്തിന്റെ ഒരു ചെറിയ മൂലയിലാണോ ആഘോഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഡിഎംകെ സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

പതിറ്റാണ്ടുകളായി ചെന്നൈയിലെ മറീനയില്‍ സ്ഥാപിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി പ്രതിമ മെട്രോ റെയില്‍ നിര്‍മാണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് താത്ക്കാലികമായി സര്‍ക്കാര്‍ മ്യൂസിയത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. 1959ല്‍ നിര്‍മ്മിച്ച വെങ്കല പ്രതിമ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആണ് അനാച്ഛാദനം ചെയ്തത്. ഈ സംഭവം ചൂണ്ടിക്കാട്ടി തന്റെ റിപ്പബ്ലിക്ദിന പ്രസംഗത്തിലും ആര്‍ എന്‍ രവി ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*