‘മൂഡിന് അനുസരിച്ച് പരാതി നൽകിയിട്ട് ഈസി ആയി പോകാം എന്ന് കരുതേണ്ട, നടിക്കെതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും’: രാഹുൽ ഈശ്വർ

നടിയുടെ പരാതിയിൽ പൊലീസ് കഴമ്പില്ല എന്ന് കണ്ടെത്തി കോടതിയിൽ പറഞ്ഞതാണെന്ന് രാഹുൽ ഈശ്വർ. വീണ്ടും തനിക്ക് എതിരെ കേസ് എടുത്തു. നിയമം കൺമുന്നിൽ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പുരുഷന് എതിരെ കേസ് എടുക്കൽ ആണ് ഈ നാട്ടിലെ പുരോഗമനം. നടിക്ക് എതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും. അപകീർത്തിപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകും.

എന്താണ് കേസ് വന്നാൽ ഉള്ള ബുദ്ധിമുട്ട് എന്ന് ഹണി റോസ് മനസ്സിലാക്കണം. മൂഡിന് അനുസരിച്ച് പരാതി നൽകിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട. ആരെങ്കിലും പ്രകോപിച്ചിട്ടാകും നടി വീണ്ടും പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്നലെയാണ് കേസ് എടുത്തത്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു.

ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി രംഗത്ത് എത്തിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും നടി പറഞ്ഞു.

പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*