ഇന്ത്യക്കാരുടെ ജീവിതനിലവാരം താഴോട്ട്; 10 വര്‍ഷത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി സര്‍വേ. വരുമാനത്തിലെ കുറവും നിത്യ ചെലവിലെ വര്‍ധനയുമാണ് ആളുകളെ നിരാശരാക്കുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, അടുത്ത ഒരു വര്‍ഷത്തില്‍ ജീവിതനിലവാരം കൂടുതല്‍ താഴോട്ട് പോകുമെന്നാണ്. 2013ന് ശേഷമുള്ള സര്‍വേകളില്‍ ഇത്രയധികം പേര്‍ നിരാശ പങ്കുവെക്കുന്നത് ആദ്യമായാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 5269 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നില്‍ രണ്ടുപേര്‍ക്കുമുള്ള പരാതി വിലക്കയറ്റം തടയാന്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വീട്ടുചെലവ് വര്‍ധിപ്പിക്കുകയും ആളുകളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും ചെയ്തു. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേര്‍ക്കും ഒരു വര്‍ഷത്തിലേറെയായി വരുമാന വര്‍ധന ഉണ്ടായിട്ടില്ല.

നാളെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സര്‍വേ പുറത്തുവന്നത്. മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തൊഴിലവസരം വര്‍ധിപ്പിക്കാനും വിലക്കയറ്റം തടയാനും സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണണം.

Be the first to comment

Leave a Reply

Your email address will not be published.


*