
കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പ്രസിഡന്റ് മുര്‍മുവിനെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പദവിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. പാവം രാഷ്ട്രപതി, വായിച്ചു തളര്‍ന്നു. അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണ് എന്നായിരുന്നു സോണിയയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സോണിയ ഗാന്ധി ഇത്തരമൊരു മറുപടി നല്‍കിയത്.
രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്ന് ബിജെപി ആരോപിച്ചു.പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം എന്നായിരുന്നു സോണിയ പറഞ്ഞത്.
പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ലെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പരാമര്‍ശം രാഷ്ട്രപതിയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നത്. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിക്കില്ല. ഹിന്ദി പോലുള്ള ഇന്ത്യന്‍ ഭാഷകളിലെ ശൈലിയും പ്രസംഗവും ഈ നേതാക്കള്‍ക്ക് പരിചയമില്ലെന്നും അതിനാല്‍ തെറ്റായ ധാരണ രൂപപ്പെട്ടിരിക്കാമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാഷ്ട്രപതിയെ അപമാനിച്ചു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പരാമര്‍ശം. സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിലൂടെ പിന്നോക്ക വിഭാഗങ്ങളെയും ആദിവാസികളെയുമാണ് അപമാനിച്ചത്. അര്‍ബന്‍ നക്‌സലുകളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തില്‍ നിന്നാണ് ദ്രൗപതി മുര്‍മു രാഷ്ട്രപതി പദത്തില്‍ എത്തിയത്. രാജ്യത്ത് ഏതൊക്കെ സമൂഹമാണോ ഉന്നതിയിലേക്ക് വരുന്നത് അവരെ കോണ്‍ഗ്രസ് അപമാനിക്കുന്നു – പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, സോണിയ ഗാന്ധിയുടെ പരാമര്‍ശം വിശദീകരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തന്റെ മാതാവിന് 78 വയസ് എന്ന് പ്രിയങ്ക പറഞ്ഞു. സോണിയ ഗാന്ധിക്ക് രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
Be the first to comment