സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാകും; ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തി.

ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അപേക്ഷ നൽകാം. ആധാർ വിവരങ്ങൾ തേടാൻ‌ ഉദ്ദേശിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ അത് എന്തിനു വേണ്ടി എന്ന് വ്യക്തമാക്കുന്ന അപേക്ഷ നിർദിഷ്ട മന്ത്രാലയത്തിലോ വകുപ്പിലോ നൽകണം. ആധാർ നിയമഭേദ​ഗതിയിലെ മൂന്നാം ചട്ടപ്രകാരമുള്ള ഈ അപേക്ഷ യുഐഡിഎഐയും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയവും പരിശോധിച്ച ശേഷമാകും ആധാർ വിവരം തേടാനും പരിശോധിക്കാനും അനുമതി നൽകുക.

സദ്ഭരണത്തിനായുള്ള ആധാർ ഓഥന്റിക്കേഷൻ (സാമൂഹിക ക്ഷേമം, വിജ്ഞാനം, നൂതനസംരംഭങ്ങൾ) ഭേദ​ഗതി ചട്ടങ്ങൾ 2025 എന്ന പേരിലാണ് പുതിയ ചട്ടങ്ങളിറക്കിയിരിക്കുന്നത്. തീരുമാനങ്ങളിൽ സുതാര്യതയും സമ​ഗ്രതയും ഉറപ്പാക്കാൻ ഇതു സഹായിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. 2016 ലെ ആധാർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദ​ഗതിച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*