ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റം,സെന്‍സെക്‌സ് 77,500ന് മുകളില്‍; കുതിച്ചുകയറി ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്. ഇന്ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് രാജ്യം. അതിനാല്‍ ഏറെ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ബജറ്റ് പ്രമാണിച്ചാണ് ശനിയാഴ്ചയായിട്ട് കൂടി ഇന്ന് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നത്.

ഇന്നലെ ഇന്ത്യയുടെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചതിന് പിന്നാലെ ഓഹരി വിപണി വലിയ കുതിപ്പാണ് നടത്തിയത്. സെന്‍സെക്‌സ് 700ലധികം പോയിന്റാണ് മുന്നേറിയത്. ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന സാമ്പത്തിക സര്‍വേയുടെ കണ്ടെത്തലാണ് വിപണിക്ക് തുണയായത്. ഈ മുന്നേറ്റം ഇന്ന് ആവര്‍ത്തിക്കുന്നതാണ് വിപണിയില്‍ കണ്ടത്.

ബജറ്റില്‍ ഏറ്റവുമധികം ഊന്നല്‍ പ്രതീക്ഷിക്കുന്ന ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലയിലാണ് ഇന്ന് ഏറ്റവുമധികം മുന്നേറ്റം. ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍ 1.50 ശതമാനമാണ് ഉയര്‍ന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സന്‍, റിലയന്‍സ്, അള്‍ട്രാ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ്, ടൈറ്റന്‍ കമ്പനി എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*