എലപ്പുള്ളി ബ്രൂവറി വിവാദം; എൽ.ഡി.എഫ് നേതൃയോഗം ചേരാൻ ധാരണ

എലപ്പുളളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെ  എൽ.ഡി.എഫ് നേതൃയോഗം വിളിക്കാൻ ധാരണ. ഈമാസം 11ന് ശേഷം യോഗം വിളിക്കാനാണ് തീരുമാനം. മദ്യ പ്ളാൻറിന് അനുമതി നൽകിയതിൽ എക്സൈസ് മന്ത്രിക്കെതിരെ ആരോപണം
ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ് മന്ത്രിയാണ് അഴിമതി നടത്തിയതെന്നാണ് വി.ഡി സതീശന്റെ ആരോപണം. മദ്യനയം മാറുന്നതിന് മുൻപ് തന്നെ ഒയാസിസ് കമ്പനിക്ക് അനുമതി നൽകി എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

മദ്യനിർമ്മാണ പ്ളാൻറിന് അനുമതി നൽകിയതിൽ ഇടത് മുന്നണിയിലെ സി.പി.ഐ, ആർ.ജെ.ഡി എന്നീ പാർട്ടികൾക്ക് ശക്തമായ എതിർപ്പുണ്ട്. വിഷയം മുന്നണി നേതൃത്വത്തെ അറിയിക്കാൻ സി.പി.ഐ തയ്യാറെടുക്കുകയാണ്. മദ്യനിർമ്മാണ പ്ളാൻറിന് അനുമതി നൽകിയത് മുന്നണി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനാണ് ആർ.ജെ.ഡി തീരുമാനം. ഈ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് യോഗം വിളിക്കാൻ ധാരണയായത്. കൺവീനർ ടി.പി രാമകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ സി.പി.ഐ.എം ജില്ലാ സമ്മേളന തിരക്ക് കഴിഞ്ഞാൽ യോഗം ചേരാമെന്ന് മുഖ്യമന്ത്രി സമ്മതം മൂളി. ഈമാസം 11നെ ജില്ലാ സമ്മേളനങ്ങൾ അവസാനിക്കൂ.അത് കഴിഞ്ഞ് യോഗം ചേരാനാണ് നേതൃതലത്തിലെ ധാരണ. 8ന് ചേരുന്ന CPIM സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീയതി നിശ്ചയിച്ചേക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരായ പ്രക്ഷോഭമാകും പ്രധാന അജണ്ടയെങ്കിലും ബ്രൂവറി അടക്കമുളള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*