കിഫ്‌ബി റോഡുകളിൽ ടോൾ വരുന്നു പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിലൂടെയുള്ള ദേശീയപാതകൾക്ക് മാത്രമല്ല. ഇനി സംസ്ഥാന പാതകൾക്കും ടോൾ ഏർപ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കിഫ്‌ബിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള പണം കണ്ടെത്തുകയാണ് ടോൾ പിരിവിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതിന്‍റെ ഭാഗമായി 50 കോടിക്ക് മുകളിൽ കിഫ്‌ബി വഴി മുതൽ മുടക്കി നിർമിച്ച റോഡുകളിലാകും ടോൾ പിരിവ് വരുക. കിഫ്‌ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിലാണ് ടോൾ ഈടാക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി ഇതു അഗീകരിച്ചു. നിയമ, ധനമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.

വിഷയം വൈകാതെ മന്ത്രിസഭയുടെ പരിഗണനയിൽ വരും. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്‍റെ പൊതുകടത്തിൽ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ നീക്കം. വായ്‌പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്ര തീരുമാനം തിരിച്ചടിയായിരുന്നു.

വായ്‌പാ പരിധി വെട്ടിക്കുറച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ ഹൈവേ അതോറിറ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ്ബിയും ടോള്‍ പിരിക്കാനൊരുങ്ങുന്നത്. ദേശീയപാതകളിൽ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നൽകണം.

എന്നാൽ കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോള്‍ നൽകുന്നതാവും രീതി. തദ്ദേശവാസികള്‍ക്ക് ടോള്‍ ഉണ്ടാകില്ല. ടോള്‍ പിരിക്കാനായി നിയമ നിര്‍മാണത്തിന് സർക്കാർ ഒരുങ്ങുകയാണ്. ടോള്‍ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു.

കിഫ്ബി വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതുപോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവിന് വരുമാനമുള്ളതായിട്ടായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ദേശീയ പാത അതോറിറ്റിയുടെ ടോള്‍ വരുമാനമടക്കം കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.

ഈ സാഹച്യത്തിലാണ് കിഫ്ബി റോഡുകളിൽ ടോള്‍ പിരിക്കാനുള്ള നീക്കം. വാഹന നികുതിയായും സെസിലൂടെയും ലഭിക്കുന്ന തുക നിർമ്മാണങ്ങൾക്ക് അപര്യാപ്‌തമാണെന്ന് കണ്ടാണ് പുതിയ നീക്കമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*