
കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണം. ഒഴിപ്പിക്കുന്നവർക്ക് വാടകയിനത്തിൽ പണം നൽകണം. ഇതിനായി ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഫ്ലാറ്റിലെ താമസക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകളാണ് പൊളിക്കേണ്ടത്. ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യങ്ങൾക്കും ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഫ്‌ളാറ്റുകളുടെ നിർമാണം ശരിയായിട്ടല്ല, താമസയോഗ്യമല്ല, കോൺക്രീറ്റ് അടർന്നുവീഴുന്നു എന്നിങ്ങനെ നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പരാതി ഉന്നയിച്ചത്. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് അപ്പാർട്ട്മെൻ്റുകൾ നിർമ്മിച്ചത്. മൂന്ന് ടവറുകളിലായി 264 അപ്പാർട്ടുമെൻ്റുകളാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ സൊസൈറ്റിക്കുള്ളത്. ടവറുകളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും പുനർനിർമാണം എന്ന ആവശ്യവുമായി ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Be the first to comment