‘യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയാറാകണം; അല്ലാതെ ഞങ്ങള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ’; ജോര്‍ജ് കുര്യന്‍

യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയ്യാറാകണമെന്നും എങ്കില്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി ജോര്‍ജ് കുര്യന്‍. ശമ്പളം കൊടുക്കാന്‍ പറ്റാത്തത് പിന്നോക്കാവസ്ഥയല്ലേ? റേഷന്‍ വിതരണം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധി വരുന്നത് പിന്നോക്കാവസ്ഥ അല്ലേ? എന്തൊക്കെ പാടുപെട്ടാണ് പരിഹരിച്ചത്. അത് തുറന്ന് പറയണം. അത് പറഞ്ഞു കഴിഞ്ഞാല്‍ കിട്ടും. അല്ലാതെ നമ്മള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ – അദ്ദേഹം ചോദിച്ചു.

വിദ്യാഭ്യാസത്തിന്റെ നിലവാരം എന്ന് പറയുന്നത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ചാവറ അച്ചനും നിലനിര്‍ത്തിയ ഒന്നാണെന്നും അതിപ്പോള്‍ കുടുംബങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിപിഐ പറഞ്ഞു പേരുപോലും എഴുതാന്‍ അറിയില്ലെന്ന്. അന്ന് ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. വിദ്യാഭ്യാസ മന്ത്രി അതിനെ ശരിവെച്ചു. അതിനു കുഴപ്പമില്ല. പഠനത്തിനായി കുട്ടികള്‍ പുറത്തേക്കാണ് പോകുന്നത്. അവര്‍ക്ക് നിലവാരമില്ല എന്ന് പറയുന്നത് ഒരു കുഴപ്പവുമില്ല. അത് കേരളത്തെ അപമാനിക്കല്‍ അല്ല – അദ്ദേഹം പരിഹസിച്ചു.

കേരളം പിന്നാക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാല്‍, കൂടുതല്‍ സഹായം ലഭിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വിവാദ പ്രസ്താവന. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം ആദ്യം നല്‍കുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ. അപ്പോള്‍ സഹായം കിട്ടും. റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാല്‍ തരാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളില്‍ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോള്‍ കമ്മീഷന്‍ പരിശോധിച്ചു കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*