‘ഭിക്ഷ യാചിച്ചു വരികയല്ല, അർഹതപ്പെട്ടത് തരണമെന്നാണ് പറയുന്നത്’; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് മറുപടി നൽകി കെ രാധാകൃഷ്ണൻ എം പി

സംസ്ഥാനങ്ങളിൽ നിന്നും റവന്യൂ കേന്ദ്രത്തിന് ലഭിക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും പണം ചോദിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപി  പറഞ്ഞു. കേരളത്തിന് അർഹമായത് കൊടുക്കുന്നില്ല എന്ന് അറിഞ്ഞു കൊണ്ടാണ് കേരളം ചോദിക്കുന്നില്ല എന്ന് അവർ ആവർത്തിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മറുപടി നൽകുകയായിരുന്നു കെ രാധാകൃഷ്ണൻ എംപി.

കേരളം ചോദിക്കുന്നില്ല കൃത്യമായി കണക്ക് നൽകുന്നില്ല എന്ന് പറയുന്നത് വിരോധാഭാസം. അത് മലയാളികളെ വീണ്ടും വീണ്ടും അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി പണം മുഴുവൻ വരുന്നത് കേന്ദ്ര ഗജനാവിലേക്കാണ്. ഭിക്ഷ യാചിച്ചു വരികയല്ല, അർഹതപ്പെട്ടത് തരണമെന്നാണ് പറയുന്നത്.അടിമസമാനമായ അവസ്ഥയിലേക്ക് കൊണ്ടുവാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. സംസ്ഥാന സർക്കാരുകളെ നിഷ്പ്രഭമാക്കുന്ന ശ്രമമാണ് കേന്ദ്രം സ്വീകരിക്കുന്നത്.ധനകാര്യ കമ്മീഷൻ കേരളത്തിൽ വന്നപ്പോൾ കൃത്യമായ സാമ്പത്തിക സ്ഥിതി അറിയിച്ചിരുന്നുവെന്നും സഹായിക്കുന്നതിനു പകരം സഹായിക്കാതിരിക്കാൻ ആവശ്യമായ തൊടുന്യായങ്ങൾ കണ്ടെത്തുന്നത് ശെരിയല്ലെന്നും കെ രാധാകൃഷ്ണൻ എം പി വ്യക്തമാക്കി.

യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയ്യാറാകണമെന്നും എങ്കില്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുമായിരുന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ശമ്പളം കൊടുക്കാന്‍ പറ്റാത്തത് പിന്നോക്കാവസ്ഥയല്ലേ? റേഷന്‍ വിതരണം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധി വരുന്നത് പിന്നോക്കാവസ്ഥ അല്ലേ? എന്തൊക്കെ പാടുപെട്ടാണ് പരിഹരിച്ചത്. അത് തുറന്ന് പറയണം.

വിദ്യാഭ്യാസത്തിന്റെ നിലവാരം എന്ന് പറയുന്നത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ചാവറ അച്ചനും നിലനിര്‍ത്തിയ ഒന്നാണെന്നും അതിപ്പോള്‍ കുടുംബങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിപിഐ പറഞ്ഞു പേരുപോലും എഴുതാന്‍ അറിയില്ലെന്ന്. അന്ന് ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. വിദ്യാഭ്യാസ മന്ത്രി അതിനെ ശരിവെച്ചു. അതിനു കുഴപ്പമില്ല. പഠനത്തിനായി കുട്ടികള്‍ പുറത്തേക്കാണ് പോകുന്നത്. അവര്‍ക്ക് നിലവാരമില്ല എന്ന് പറയുന്നത് ഒരു കുഴപ്പവുമില്ല. അത് കേരളത്തെ അപമാനിക്കല്‍ അല്ലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*