കെഎസ്ആര്‍ടിസി കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ:കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.

രാവിലെ എട്ടു മണിക്കാണ് എസി റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. അവരില്‍ രണ്ട് പേര്‍ തമിഴ് നാടോടി സ്ത്രീകളായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ പ്രകാശിന് സംശയം തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്‌റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ് കൈനകരിയെത്തിയപ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി.

ഇതോടെ സംശയം തോന്നിയ കണ്ടക്ടര്‍ ‘ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നു പരിശോധിക്കാന്‍ പ്രകാശ് വിളിച്ചുപറഞ്ഞു. തന്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികള്‍ കയറിയ അതേ സ്‌റ്റോപ്പില്‍നിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്. കണ്ടക്ടര്‍ വേഗം ബസില്‍ നിന്നിറങ്ങി സ്ത്രീകള്‍ക്കു പിന്നാലെ ഓടി. നാടോടി സ്ത്രീകള്‍ ഓട്ടോയില്‍ കയറുന്നതിനിടെ കണ്ടക്ടറും യാത്രക്കാരും തടഞ്ഞു. യുവതിയുടെ കയ്യില്‍ മാലയുണ്ടായിരുന്നു. ഉടനെ നെടുമുടി പൊലീസിനെ അറിയിച്ചു. ഉടന്‍ നെടുമുടി പൊലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വര്‍ണമാല വീണ്ടെടുത്തു. പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*