
നോയിഡയിലെ നാല് സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളുകൾക്ക് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച സ്കൂൾ അഡ്മിനിസ്ട്രേഷൻ ഇമെയിൽ പരിശോധിക്കുകയും ബോംബ് ഭീഷണിയെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘവും അഗ്നിശമന സേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളിലെത്തി സ്കൂൾ പരിസരം പരിശോധിച്ചു. സുരക്ഷാ കാരണങ്ങളാൽ സ്കൂളുകളും ഒഴിപ്പിച്ചതായി നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രാം ബദൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് നടത്തിയ പരിശോധനയിൽ സ്കൂളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണിയുണ്ടെന്ന ഇമെയിൽ വ്യാജമാണെന്നും പരിശോധനയ്ക്ക് ശേഷം സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചതായും പോലീസ് പറഞ്ഞു. എല്ലാ സ്കൂളുകളിലേക്കും വ്യാജ ഇമെയിൽ അയച്ചതിന് പിന്നിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണെന്ന് നിരീക്ഷണ സംഘത്തിൻ്റെയും സൈബർ ടീമിൻ്റെയും അന്വേഷണത്തിൽ ഇന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
ലൊക്കേഷനും ഐപി വിലാസവും മറയ്ക്കാൻ വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചതായി വിദ്യാർഥി കുറ്റസമ്മതം നടത്തിയെന്ന് ഡിസിപി പറഞ്ഞു. ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) 352, ഐടി ആക്ടിൻ്റെ 67 ഡി എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് . ഡൽഹി, നോയിഡ മേഖലകളിൽ അടുത്തിടെ നിരവധി സാമാന സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യാജ ഭീഷണി സന്ദേശങ്ങളുടെ പിന്നിൽ വിദ്യാർഥികൾതന്നെയാണ് പിടിയിലാകുന്നത്.
Be the first to comment