കേരളത്തിനുള്ളത് വലിയ ടൂറിസം സ്വപ്‌നങ്ങള്‍; ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം?

സംസ്ഥാനത്തിന് അധിക വരുമാനം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദസഞ്ചാര മേഖല. കേരള ബജറ്റില്‍ വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഉള്ളത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള തുകയും വകയിരുത്തും എന്നാണ് പ്രതീക്ഷ. 

സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. ദുരന്താനന്തരം വയനാടിന്റെ ടൂറിസം പുനര്‍നിര്‍മാണത്തിന് എന്ത് എന്നതാണ് ഉറ്റു നോക്കുന്നത്. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ബജറ്റിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്. 2019 ല്‍ 11.9 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ എത്തിയ കേരളത്തില്‍ 2023ലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.5 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് കേരളത്തില്‍ 2023 ലെത്തിയത്. ഇതിന് പരിഹാരം കാണാന്‍ ബജറ്റില്‍ എന്ത് മാജിക്കുണ്ടാവുമെന്ന് കാത്തിരിക്കാം. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ടൂറിസം, വെല്‍നസ് ടൂറിസം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധയുണ്ടായേക്കും.

സബ്‌സിഡികളും ഇന്‍സെന്റീവുകളും നല്‍കി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം കഴിഞ്ഞ ബജറ്റില്‍ ഉണ്ടായിരുന്നു. നാല് ജില്ലകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററും സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. പൂര്‍ണ്ണമായും നടപ്പിലാക്കാതെ പോയ ഈ രണ്ട് തീരുമാനങ്ങള്‍ക്കും ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കും. കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളെ ടൂറിസം സാധ്യതക്കായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഇത്തവണയുണ്ടാകും. 351.42 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വിനോദസഞ്ചാര മേഖലയ്ക്കായി അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 136 കോടി രൂപ വകയിരുത്തിയിരുന്നു. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് 12 കോടി രൂപയാണ് കഴിഞ്ഞതവണ അനുവദിച്ചത്. ഇത്തവണ ഈ തുകയില്‍ എല്ലാം വര്‍ധന ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*