
മുംബൈ: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകളില്‍ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ പണ വായ്പാ അവലോകനം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. 2020 മെയ് മാസത്തിനു ശേഷം ആദ്യമായാണ് നിരക്കില്‍ കുറവു വരുത്തുന്നത്.
സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണ വായ്പാ അവലോകനത്തിലാണ് നിരക്കില്‍ കുറവു വരുത്താനുള്ള തീരുമാനം. ഏകകണ്ഠമായാണ് മോണിറ്ററി പോളിസി കമ്മിറ്റി നിരക്കു കുറയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് മല്‍ഹോത്ര പറഞ്ഞു.
തളര്‍ച്ച ബാധിച്ച സമ്പദ് രംഗത്ത പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ആര്‍ബിഐ നടപടി. ബജറ്റില്‍ ആദായ നികുതി ഇളവു പരിധി ഉയര്‍ത്തിയതിനു പിന്നാലെ പലിശ നിരക്കില്‍ കുറവ് വരുത്തിയതിലൂടെ വിപണിയില്‍ കൂടുതല്‍ പണമെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022 മെയ് മാസത്തിനു ശേഷം ആര്‍ബിഐ ആറു തവണ തുടര്‍ച്ചയായി പലിശ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. ആറ് അവലോകനകങ്ങളിലായി 250 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനം നിരക്കുയര്‍ത്തിയത്.
Be the first to comment