
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. അതേസമയം, വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്, മുഹമ്മദ് സബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്നും, വധശിക്ഷ നല്‍കണമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. സമാന ആവശ്യം ഉന്നയിച്ചാണ് സിബിഐയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
കേസിന്റെ അന്വേഷണ, പ്രോസിക്യൂഷന്‍ ഏജന്‍സി തങ്ങളായതിനാല്‍ ശിക്ഷയുടെ പോരായ്മ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് സിബിഐ വാദിച്ചു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 9 നാണ്, ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്.
Be the first to comment