സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ ലാല്‍; സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. തുടര്‍ന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണന്‍, ടി പി സോനു, അനു മൂത്തേടത്ത്, ആന്റണി പെരുമ്പാവൂര്‍, ശാന്തി ആന്റണി എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തികരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിര്‍വ്വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘വളരെ പ്ലസന്റൊയ ഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളിലേക്കു തല്‍ക്കാലം കടക്കുന്നില്ല. നര്‍മവും ഇമോഷനുമൊക്കെ ഇഴചേര്‍ന്ന കഥാഗതിയില്‍ ഒരു പൊടി മുറിപ്പാടിന്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സില്‍ ചേര്‍ത്തു നിര്‍ത്താന്‍ ഏറെ സഹായകരമാകും. കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിന്‍ബലമാകുന്നു.

ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു, ടി പി സോനു. ഷോര്‍ട്ട് ഫിലിമുകളിലൂടെ കടന്നുവന്ന സോനുവിന്റെ നൈറ്റ് കോള്‍ എന്ന ടെലിഫിലിമാണ് സത്യന്‍ അന്തിക്കാടിനെ ആകര്‍ഷിച്ചത്. സംവിധാനത്തിലും, തിരക്കഥാ രചനയിലും പരിശീലനം പൂര്‍ത്തിയാക്കിയതാണ് സോനു. അഖില്‍ സത്യന്റേതാണ് ഈ ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സംഗീത, ലാലു അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. കൊച്ചി,വണ്ടിപ്പെരിയാര്‍, പൂനെ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*