ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാറിലായെന്നും റിപ്പയര്‍ ചെയ്യുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നുമുള്ള പരാതിയില്‍ ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം മഴവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബോസ് ഇലക്ട്രോ വീല്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020 ഓഗസ്റ്റില്‍ 59,990 രൂപ നല്‍കിയാണ് പരാതിക്കാരന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ വാങ്ങി കുറച്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയര്‍ ചെയ്ത് നല്‍കുകയാണ് എതിര്‍കക്ഷി ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

അതിനു ശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നല്‍കി വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നാണ് നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടു പരാതിക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

സ്‌കൂട്ടറിന്റെ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് എതിര്‍കക്ഷികള്‍ സൃഷ്ടിച്ചതെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നി ഇനങ്ങളില്‍ 15,000 രൂപയും 30 ദിവസത്തിനകം സ്ഥാപനം പരാതിക്കാരന് നല്‍കാന്‍ ഉത്തരവില്‍ പറയുന്നു. പരാതിക്കാരന് വേണ്ടി അഹമ്മദ് തലിം സി റ്റി കോടതിയില്‍ ഹാജരായി. rt

 

 

Be the first to comment

Leave a Reply

Your email address will not be published.


*