മാസംതോറും 5000 രൂപ മാത്രം, നിങ്ങള്‍ക്ക് കോടീശ്വരനാകാം!; ഇതാ ഒരു നിക്ഷേപ പദ്ധതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഉദാഹരണമായി 25-ാം വയസില്‍ ഈ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന്‍ മാസംതോറും 5000 രൂപ വീതം അടയ്ക്കുകയാണെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 16ലക്ഷത്തില്‍പ്പരം രൂപ ലഭിക്കും. ഒന്‍പത് ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. പലിശ സഹിതം കാലാവധി തീരുമ്പോള്‍ 16,27,284 രൂപയാണ് ലഭിക്കുക. ഏകദേശം ഏഴേകാല്‍ ലക്ഷം രൂപയുടെ നേട്ടമാണ് നിക്ഷേപന് എത്തിച്ചേരുക.

മാസംതോറും 5000 രൂപ വീതം 37 വര്‍ഷം അടയ്ക്കുകയാണെങ്കില്‍ ഒരു കോടിയില്‍പ്പരം രൂപ സമ്പാദിക്കാനും ഈ പദ്ധതി വഴി സാധിക്കും. ഇക്കാലയളവില്‍ 22 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. എന്നാല്‍ പലിശ സഹിതം ഒരുകോടിയില്‍പ്പരം രൂപയാണ് ലഭിക്കുക. 83ലക്ഷം രൂപയുടെ നേട്ടമാണ് ഉണ്ടാവുക.

 

 

Be the first to comment

Leave a Reply

Your email address will not be published.


*