‘കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരും’: സുരേഷ് ഗോപി

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു പരാമർശം.

ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉള്‍പ്പെട്ട ഒരു റീല്‍ വീഡിയോ വൈറല്‍ ആവുകയാണ്. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ എടുത്തിരിക്കുന്നതാണ് വൈറല്‍ റീല്‍.

സുരേഷ് ഗോപിയുടെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പ് ആണ് എല്ലാവരും ചേര്‍ന്ന് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായ ഡ്രീംസ് എന്ന ചിത്രത്തിലെ മണിമുറ്റത്ത് ആവണിപ്പന്തല്‍ എന്ന പാട്ടാണ് പശ്ചാത്തലത്തില്‍. ക്യാമറ പാന്‍ ചെയ്യുന്നത് ട്രെയിനില്‍ ഇരിക്കുന്ന സുരേഷ് ഗോപിയിലേക്കാണ്.

ഭരത് ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു കഥാപാത്രം പറയുന്ന പ്രശസ്ത ഡയലോഗ് ആണ് റീലിലെ ആ ഭാഗത്ത്. റീല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സുരേഷ് ഗോപി ഇത് കണ്ടിട്ടില്ല. എന്നാല്‍ റീല്‍ വൈറല്‍ ആയതോടെ അതിന് കമന്‍റുമായി സുരേഷ് ഗോപി എത്തിയിട്ടുണ്ട്.

ഇതൊക്കെ എപ്പോള്‍ എന്നാണ് അദ്ദേഹത്തിന്‍റെ കമന്‍റ്. 2 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ച റീല്‍ ആണിത്. സുരേഷ് ഗോപിയുടെ കമന്‍റിന് ഇതിനകം നാല്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*