
ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. മരിച്ച രാജകുമാരി പഞ്ചായത്ത് മെമ്പർ ജെയ്‌സണിന്റെ സുഹൃത്ത് ബിജുവിനെയാണ് നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ആനിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെ ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ ഡാം വാച്ചർ ഇവരെ മടക്കി അയച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജെയ്സണും ബിജുവും ആറുമണിയോടെ വീണ്ടും ഡാമിൽ എത്തിയെന്നാണ് നിഗമനം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളോട് തമിഴ്നാട് തേനിയിലേക്ക് പോകുന്നു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
ഇന്ന് രാവിലെ തേയിലത്തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ജെയ്സൻ്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട്, എടുത്തപ്പോഴാണ് അപകടമുണ്ടായ വിവരം മനസ്സിലാക്കുന്നത്. തുടർന്ന് പൊലീസിനെയും നാട്ടുകാരെയും തോട്ടം തൊഴിലാളികൾ വിവരമറിയിക്കുകയായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് സമീപത്തായി വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Be the first to comment