ശ്വാസം മുട്ടി മലബാറിലെ ട്രെയിന്‍ യാത്ര; ജനറൽ കോച്ചുകളിൽ പരിധിയുടെ മൂന്നിരട്ടി യാത്രക്കാർ

കണ്ണൂര്‍: ഡല്‍ഹിയില്‍ ഈയടുത്തുണ്ടായ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ യാത്രക്കാര്‍ മരിക്കാനിടയായ സാഹചര്യം രാജ്യത്തെ ആകെ ഞെട്ടിച്ചിരുന്നു. പ്‌ളാറ്റ്‌ഫോമുകളിലെ അസാധാരണ തിരക്കായിരുന്നു ഈ ദുരന്തത്തിന്‍റെ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ പ്‌ളാറ്റ്‌ഫോമിലെ തിരക്ക് മാത്രമല്ല കോച്ചുകള്‍ക്കകത്തെ തിരക്കും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ഘടകമാണെന്നാണ് ഈ അപകടം നൽകുന്ന മുന്നറിയിപ്പ്.

നിലവിൽ ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ കയറാവുന്ന യാത്രികരുടെ എണ്ണം 108 ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഓടുന്ന പല ട്രെയിനുകളിലും മൂന്നിരട്ടിയോളം പേരാണ് തിങ്ങി നിറഞ്ഞ് പോകുന്നത്. ദക്ഷിണ റെയില്‍വേ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതയാത്രയാണെന്നാണ് യാത്രക്കാർ വ്യാപകമായി പരാതിപ്പെടുന്നത്. കമ്പാര്‍ട്ട്‌മെന്‍റിനകത്ത് കുഴഞ്ഞ് വീഴുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ഡല്‍ഹിയില്‍ നടന്ന റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തിന്‍റെ സാഹചര്യം മുന്‍നിര്‍ത്തി കമ്പാര്‍ട്ട്‌മെന്‍റുകള്‍ വര്‍ദ്ധിപ്പിച്ച് യാത്രാ സൗകര്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ കണ്‍സല്‍റ്റേറ്റീവ് മെമ്പര്‍ കെ വി ഗോകുല്‍ദാസ്  പറഞ്ഞു.

ശ്വാസം കിട്ടാത്ത അവസ്ഥ: ട്രെയിനിനകത്ത് കയറിപ്പറ്റിയാല്‍ ശ്വാസം കഴിക്കാന്‍ പോലും ആവാത്ത അവസ്ഥയാണെന്ന് നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ വിജയന്‍ പാറാഴി ചൂണ്ടിക്കാട്ടി. 100 സീറ്റുള്ള കമ്പാർട്ട്മെന്‍റിൽ പലപ്പോഴും മുന്നൂറോളം പേരാണ് കയറുന്നത്. ഇങ്ങനെ ആളുകൾ കൂട്ടമായി ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ട്രെയിനിനും ട്രാക്കിനും ഇടയിൽ അകപ്പെട്ട് മരിച്ച സംഭവങ്ങൾ കണ്ണൂരിൽ തന്നെ ഉണ്ടായിട്ടുണ്ടെന്ന് വിജയൻ പാറാഴി ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റെയിൽവേ മന്ത്രാലയം കമ്പാർട്ട്മെന്‍റുകളുടെ എണ്ണം കൂട്ടുകയോ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌ത്രീകൾക്ക് ദുരിതയാത്ര: കാസര്‍കോടിന് തെക്കും ഷൊര്‍ണ്ണൂരിന് വടക്കുമുള്ളവർക്കാണ് ദുരിതപൂര്‍ണ്ണമായ ഇത്തരം ട്രെയിൻ യാത്ര അനുഭവിക്കേണ്ടിവരുന്നത്. മുന്നറിയിപ്പില്ലാതെ ട്രെയിൻ പിടിച്ചിടല്‍ മലബാറിലെ യാത്രക്കാര്‍ക്ക് നിത്യ ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് മഞ്ചേശ്വരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാസർകോട് ബദിയടുക്ക സ്വദേശിനിയായ ബിന്ദു പറഞ്ഞു. നിശ്ചയിച്ച സമയത്ത് വീടുകളിലെത്തിച്ചേരാനാവാത്ത സ്‌ത്രീകളാണ് ദുരിതമേറെ പേറുന്നത്. സമയ നിഷ്‌ടയില്ലാതെ എത്തുന്ന ട്രെയിനുകള്‍ സ്‌ത്രീകളെ സബന്ധിച്ച് ബന്ധുക്കളുടെ സഹായത്തോടെ മാത്രമേ വീടുകളിലെത്താന്‍ ആവുന്നൂള്ളൂ എന്നും ബിന്ദു ചൂണ്ടിക്കാട്ടി.

വിദൂര ഗ്രാമങ്ങളില്‍ നിന്നും കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ലെന്ന് സർക്കാർ ജോലിക്കാരനായ മറ്റൊരു സ്ഥിരം യാത്രക്കാരന്‍ പറഞ്ഞു. റെയില്‍വേയ്‌ക്കു മുന്നില്‍ കാര്യ കാരണങ്ങള്‍ സഹിതം നിവേദനങ്ങൾ സമർപ്പിച്ചിട്ടും, മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകളും നേടിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ഇക്കാര്യത്തില്‍ കടുത്ത ഉദാസീനതയാണ് അധികാരികള്‍ കാട്ടുന്നതെന്നും യാത്രക്കാർക്ക് പരാതിയുണ്ട്.

‘വരുമാനമുണ്ടായിട്ടും അവഗണന’: ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ ഇരിക്കാന്‍ സീറ്റില്ലാതെ അപകടകരമായ വിധത്തിൽ ലഗേജ് റാക്കുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. വയോധികരുടെ നിലയാണ് പരിതാപകരം. ഞെങ്ങി ഞെരുങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് അവർക്കും. റെയില്‍വേക്ക് മികച്ച വരുമാനം ലഭിക്കുന്ന മേഖലയായിട്ടും അവഗണന തുടരുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

കണ്ണൂര്‍, തലശ്ശേരി, വടകര എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വര്‍ഷത്തില്‍ 1.60 ലക്ഷം പേര്‍ സഞ്ചരിക്കുന്നു. വരുമാനമായി റെയില്‍വേയ്‌ക്ക് ലഭിക്കുന്നത് രണ്ട് കോടിയിലേറെ രൂപയാണ്. മലബാര്‍ പ്രദേശത്തെ മറ്റ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഇതിന്‍റെ അഞ്ചിരട്ടിയോളം വരും. തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സപ്രസിലും മാവേലി എക്‌സ്‌പ്രസിലും കണ്ണൂര്‍ എത്തുമ്പോള്‍ തന്നെ ജനറല്‍ കോച്ചുകള്‍ നിറയും. തലശ്ശേരി വിടുമ്പോള്‍ വാതില്‍പ്പടിയിലും മറ്റുമായി യാത്രക്കാര്‍ തൂങ്ങി നില്‍പ്പുണ്ടാവും. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ദക്ഷിണ റെയില്‍വേ അധികാരികള്‍ എന്നാണ് യാത്രക്കാർ പറയുന്നത്.

പുലര്‍ച്ച് 1.45 ന് മംഗലൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്‌റ്റ് എക്‌സപ്രസാണ് ഷൊര്‍ണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്കുള്ള ആദ്യ ട്രെയിന്‍. നിറഞ്ഞു കവിഞ്ഞുള്ള ഈ ട്രെയിന്‍ വെളുപ്പിന് 6 മണിക്ക് കാസര്‍കോട്ടേക്ക് എത്തും. പുലര്‍ച്ചെ 2 ന് തിരുവനന്തപുരത്തു നിന്ന് ഷൊര്‍ണ്ണൂരെത്തുന്ന മാവേലി എക്‌സപ്രസും ഫുള്‍ ആയാണ് ഓടുന്നത്. രാവിലെ 6.38 ന് ഇത് കാസര്‍കോട് സ്‌റ്റേഷനിൽ എത്തും. തൊട്ടു പിറകെ 2.40 ന് ഷൊര്‍ണ്ണൂരിലെത്തുന്ന മലബാര്‍ എക്‌സ്‌പ്രസ് 8.30 ന് കാസര്‍കോട്ടെത്തും. തൊട്ടു പിറകിലായി മംഗലൂരു സെന്‍ട്രല്‍ എക്‌സപ്രസാണ്. ഇത് 9.55 ന് കാസര്‍കോടെത്തും. 10.43 ന് മംഗലൂരു സെന്‍ട്രല്‍ മെയില്‍ തൊട്ടു പിന്നിലായി കാസര്‍കോട്ടെത്തും.

ഇത്രയും വണ്ടികള്‍ കഴിഞ്ഞാല്‍ ദൈനംദിന യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും ആശ്രയിക്കാനുളള ഡേ ട്രെയിനുകള്‍ കാലുകുത്താനാവാത്ത അവസ്ഥയിലാണ് സര്‍വ്വീസ് നടത്തുന്നത്. മംഗലൂരു സെന്‍ട്രല്‍ ഇന്‍റര്‍ സിറ്റി സൂപ്പര്‍ ഫാസ്‌റ്റ്, മംഗലൂരു സെന്‍ട്രല്‍ എക്‌സപ്രസ്, ഏറനാട് എക്‌സപ്രസ്, എന്നിവ ഉച്ചവരെ ഷൊര്‍ണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെടുന്നവയാണ്. ഉച്ചകഴിഞ്ഞ് 2.05 നുള്ള പശുറാം എക്‌സപ്രസും 3.25 നുള്ള മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്‌റ്റും 4.25 നുള്ള നേത്രാവതിയും മാത്രമാണ് കാസര്‍കോട്ടേക്കുള്ളത്.

കാസര്‍കോട് നിന്നും ഷൊര്‍ണ്ണൂരിലേക്ക് രാവിലെ 5.05 നുള്ള നേത്രാവതി എക്‌സപ്രസോടെയാണ് തുടക്കം. 5.40 ന് പരശുറാം, 7.30 ന് ചെന്നൈ എഗ്മോര്‍, 8.05 ന് ഏറനാട്, 10 മണിക്ക് കോയമ്പത്തൂര്‍ എക്‌സപ്രസ്, 11.45 ന് കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി, 2.35 ന് ചെന്നൈ സെന്‍ട്രല്‍ മെയില്‍. ഇവ കഴിഞ്ഞാല്‍ ഷൊര്‍ണ്ണൂരിലെത്താവുന്ന തീവണ്ടികള്‍ അവസാനിക്കുന്നു.

3.05 ന് തിരുവനന്തപുരം സെന്‍ട്രല്‍, 6.20 ന് മാവേലി എക്‌സപ്രസ്, 7.10 ന് മലബാര്‍ എക്‌സപ്രസ്, രാത്രി 11.40 ന് മംഗള ലക്ഷ്വദ്വീപ് എക്‌സപ്രസ് എന്നിവയോടെ ഷൊര്‍ണ്ണൂരിലേക്കുള്ള തീവണ്ടികള്‍ തീര്‍ന്നു. ഇത്രയും പ്രതിദിന തീവണ്ടികള്‍ കൊണ്ട് ഈ റൂട്ടിലെ യാത്രക്കാരുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് റെയില്‍വേയെ നിരവധി തവണ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ആവശ്യത്തിന് മെമു സര്‍വ്വീസുകളോ മറ്റ് തീവണ്ടി സര്‍വ്വീസുകളോ ഏര്‍പ്പെടുത്തി യാത്രാക്ലേശം പരിഹരിക്കാന്‍ ശ്രമിക്കാത്തതില്‍ യാത്രക്കാര്‍ നിരാശരാണ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*