‘നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷ’; ഹൂതി വിമത നേതാവുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇറാൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് സേവ് നിമിഷ പ്രിയ ഫോറം. യെമനിലെ വിമത വിഭാഗം ഹൂതി നേതാവ് അബ്‌ദുല്‍ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നടത്തിയ ചർച്ച നിമിഷയുടെ മോചനത്തിൽ നിർണായകമാവുമെന്നാണ് സേവ് നിമിഷ പ്രിയ ഫോറത്തിന്‍റെ വിലയിരുത്തൽ.

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി നടത്തുന്ന ചർച്ചകൾ ഫലപ്രദമാകാൻ ഇറാൻ ഇടപെടൽ സഹായകമാവുമെന്ന് സേവ് നിമിഷ പ്രിയ ഫോറം കൺവീനർ ബാബു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു. മസ്‌കറ്റിൽ വച്ച് ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടാൻ ഇന്ത്യ ഇറാനോട് അഭ്യര്‍ഥിച്ചിരുന്നു.

ഈ കൂടികാഴ്‌ചയില്‍ നിമിഷ പ്രിയയുടെ ജയിൽ മോചനം ചർച്ചയായതോടെയാണ് ഹൂതി വിമത നേതാവുമായി ഇറാൻ ചർച്ച നടത്തിയത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*