ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി

ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെ യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി. പകരം യുജിസി റെഗുലേഷന്‍ – ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി. നിശ്ചിത എണ്ണം ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി. യുജിസി കരട് വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ നാളെ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തിയിരുന്നു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുജിസി കരട് വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനെ പറ്റിയും ഡ്യൂട്ടി ലീവ്, ചിലവ് എന്നിവ വഹിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഗവര്‍ണര്‍ നിലപാട് എടുത്തു. വൈസ് ചാന്‍സിലര്‍മാരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളെന്നും വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വിഷയം അംഗീകരിച്ച മുഖ്യമന്ത്രി, എല്ലാവര്‍ക്കും എല്ലാത്തരം അഭിപ്രായവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി കണ്‍വെന്‍ഷനെ മാറ്റുന്ന തരത്തില്‍ പരിപാടി പുനഃസംവിധാനം ചെയ്യുമെന്ന് മറുപടി നല്‍കി. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ഉറപ്പും നല്‍കി. എന്നാല്‍ രാത്രി വൈകിയും സര്‍ക്കുലര്‍ പിന്‍വലിക്കാത്തതിനാല്‍ ഗവര്‍ണര്‍ ഇടഞ്ഞു. പിന്നാലെ സര്‍ക്കുലര്‍ തിരുത്തിയിറക്കണമെന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ വഴങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*