ഭൂമി തരംമാറ്റല്‍; 25 സെന്റില്‍ കൂടുതലെങ്കില്‍ ആകെ വിലയുടെ 10% അടയ്ക്കണം

 നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ (ഒരു ഏക്കര്‍ വരെ) മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27എ വകുപ്പു പകാരം, തരംമാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ ആകെ സ്ഥലത്തിന്റെ ന്യായവിലയുടെ പത്തുശതമാനം ഫീസായി ഈടാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് സുപ്രീംകോടതി ശരിവെച്ചത്. ഭൂമി 25 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ അധികമായി വരുന്ന സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടിച്ചാല്‍മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി ഉത്തരവ് 2023 നവംബറില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

ഒരേക്കര്‍ വരെ പത്ത് ശതമാനവും അതില്‍ കൂടുതലാണെങ്കില്‍ 20 ശതമാനവുമാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ ഉദ്ദേശിച്ചുള്ള ആനുകൂല്യം മറ്റുള്ളവര്‍ക്ക് നല്‍കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ 2021 ഫെബ്രുവരി 25ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 25 സെന്റില്‍ കൂടുതലുള്ള ഭൂമിയുടെ ന്യായവിലയുടെ മൊത്തം 10 ശതമാനം ഫീസായി അടയ്ക്കാനായിരുന്നാണ് നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തരംമാറ്റുന്ന 36.65 സെന്റ് സ്ഥലത്തിന് 1.74 ലക്ഷം രൂപ ഫീസായി അടയ്ക്കണമെന്ന റവന്യൂ നോട്ടീസ് ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*