ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.

അവസാന വിക്കറ്റില്‍ ഗുജറാത്തിന്റെ അര്‍സന്‍ നാഗ്‍വസ്വല്ലയും പ്രിയജിത് സിങ് ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പ് കേരളത്തിന്റെ ചരിത്ര ഫൈനലെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗ്‍വസ്വല്ലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ കേരളത്തിന് ചരിത്ര നേട്ടം നേടിക്കൊടുത്തത്.

കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 457 റൺസിനെതിരെ, ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിന് രണ്ടു റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാനായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവരുടെ മികവാണ് കേരളത്തിന്റെ സ്വപ്‌നതുല്യ കുതിപ്പില്‍ നിര്‍ണായകമായത്. നിധീഷ്, ബേസില്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം നേടി.

Be the first to comment

Leave a Reply

Your email address will not be published.


*