ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ, കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെ; എംഎ യൂസഫലി

ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല.

ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങളും നാളെ അറിയാം. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് സജ്ജമാക്കും. കേരളത്തിന് മെഡിക്കൽ ടൂറിസം, റോബട്ടിക്, ഹെൽത്ത്കെയർ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ട്.

വിദ്യാഭ്യാസ ഹബ് ആയി വികസിക്കാനും കേരളത്തിന് കഴിയും. അതു സാധ്യമായാൽ കേരളത്തിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോകുന്നതിനു പകരം ലോകമെമ്പാടു നിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാം.

ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ സംസ്ഥാനത്ത് മുന്നണികൾ ഏകാഭിപ്രായമായത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ രംഗത്തെ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിൻ്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.

വ്യവസായ വികസനത്തിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും പീയുഷ് യോഗലും വ്യക്തമാക്കി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*