
ഭഗത് സോക്കർ കപ്പ് അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 22 ന് മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം ഷൈജു ദാമോദരനാണ് നിർവഹിക്കുന്നത്. ടൂർണമെന്റിന് തുടക്കം കുറിച്ച് മുനിസിപ്പൽ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ആൻ്റണി ആശാംപറമ്പിൽ പതാക ഉയർത്തും. കായിക സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കൊച്ചിൻ പോർട്ട് അതോറിറ്റി, പെരിയാർ എഫ്സി, ബൈസെൻ്റൈൻ, ഗോൾഡൻ ത്രെഡ്, ഷൈൻ സോൾജിയേഴ്സ്, ഗോൾഡൻ ബൂട്ട് ആലപ്പുഴ, ഡോൺ ബോസ്കോ, ആതിഥേയരായ ഭഗത് സോക്കർ ക്ലബ്ബ് എന്നീ എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ഭഗത് സോക്കർ എവർ റോളിങ്ങ് ട്രോഫിയും, ജയൻ മാഷ് മെമ്മോറിയൽ സ്ഥിരം ട്രോഫിയും, ക്യാഷ് അവാർഡും, റണ്ണേഴ്സ് അപ്പിന് കെ കെ സാനപ്പൻ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും നൽകും. ടൂർണമെൻ്റിലെ മികച്ച കളിക്കാരന് പ്രത്യേക ട്രോഫിയും ലഭിക്കും. ടൂർണമെൻ്റിന് ആവശ്യമായ മെഡിക്കൽ സഹായം മരട് പി എസ് മിഷൻ ഹോസ്പിറ്റലാണ് നൽകുന്നത്.
എറണാകുളം എം.പി ഹൈബി ഈഡൻ, കെ.ബാബു എംഎൽഎ എന്നിവർ മുഖ്യ രക്ഷാധികാരികളും, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചെയർമാനും, മരട് മുനിസിപ്പൽ കൗൺസിലർ പി.ഡി രാജേഷ് ജനറൽ കൺവീനറായും, ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി ചന്ദ്രൻ ചീഫ് കോർഡിനേറ്ററായും, ഐ.എസ് സുബിഷ് ട്രഷററായിട്ടുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ടൂർണമെൻ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നത്.
മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 22 ന് വൈകുന്നേരം 6.30 ക്ക് മത്സരം ആരംഭിക്കും. ഫൈനൽ മത്സരം ഫെബ്രുവരി 26-ന് രാത്രി 7-ന് നടക്കും.
Be the first to comment