ആർ.ബി.ഐ മുൻ ഗവർണർ ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഗവർണറായിരുന്നതിന് ശേഷം ശക്തികാന്ത ദാസ് വിരമിച്ചത് പോയ ഡിസംബറിലായിരുന്നു. സമർഥരായ ഉദ്യോഗസ്ഥരെ ഭരണത്തിന്റെ വിവിധ തലങ്ങളിൽ നിലനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്ക് ഗവർണറായി വിരമിച്ച ശക്തികാന്ത ദാസിനെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഭരണ കാലാവധി അവസാനിക്കും വരെയാണ് നിയമനം.

സാമ്പത്തിക നയരൂപീകരണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി പരിചയമുള്ള ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ ടീമിന്റെ ഭാഗമായി രാജ്യത്തിന്റെ ധനകാര്യ മേഖലയ്ക്ക് സംഭാവനകൾ നൽകും. 2017 ൽ ജി എസ് ടി പരിഷ്കാരത്തിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. അന്ന് സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.

ആർ.ബി.ഐ ഗവർണറായിരുന്ന കാലഘട്ടത്തിൽ സുസ്ഥിര സമ്പത് വ്യവസ്ഥയും വളർച്ചയും എന്ന ലക്ഷ്യം മുൻ നിർത്തിയായിരുന്നു ശക്തികാന്ത ദാസിന്റെ നയങ്ങൾ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ധന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഇന്ത്യയെ രാജ്യാന്തര ഫോറങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ.എം.എഫ്, ജി-20, ബ്രിക്സ് എന്നിവിടങ്ങളിൽ ഇന്ത്യക്കായി ശക്തികാന്ത ദാസ് പ്രവർത്തിച്ചിരുന്നു. 1991ൽ രാജ്യാന്തര നാണ്യ നിധിയുടെ 22 ബില്യൺ ഡോളറിന്റെ കടാശ്വാസ പാക്കേജ് ലഭ്യമാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. ബ്യൂണസ് അയേഴ്സിലും ഹാംബർഗിലും ജി 20 യോഗങ്ങളുടെ ഷെർപയായിരുന്നു.

1957ൽ ഒഡിഷയിൽ ജനിച്ച ശക്തികാന്ത ദാസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ചരിത്ര വിദ്യാർഥിയായിരുന്നു. യു കെയിലെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 1980ൽ തമിഴ്നാട് കേഡറിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ പ്രവേശിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. വാണിജ്യ നികുതി കമ്മിഷണർ എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നത്. bi

Be the first to comment

Leave a Reply

Your email address will not be published.


*