ആറളം ഫാമിലെ കാട്ടാന ആക്രമണം; വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി

കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി എ കെ ശശീന്ദ്രൻ.പ്രദേശത്തെ കാട് വെട്ടിത്തെളിയ്ക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി TRDM (Tribal Rehabilitation Development Mission) അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാനും നിർദേശമുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് വനം മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു.

കരിക്കാമുക്കിലെ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആറളം ഫാം 13ാം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുൻപിൽ ഇവർ അകപ്പെട്ടത് അകപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

വേദനാജനകമായ സംഭവമെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതികരിച്ചു. 2020ല്‍ പട്ടിക വര്‍ഗ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ആന മതില്‍ കെട്ടാന്‍ ഭരണാനുമതി ലഭിച്ചിരുന്നുവെന്നും മെല്ലെപ്പോക്ക് നയത്തിന്റെ ഭാഗമായി അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യ ജീവന്‍ പന്താടുന്ന സാഹചര്യമാണവിടെയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് പ്രദേശത്ത് വേണ്ടത്ര സജീവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് പ്രാദേശിക ലേഖകനായ കെ ബി ഉത്തമന്‍ പറഞ്ഞു. ഇന്നത്തെ സംഭവം കൂടി കൂട്ടി 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*