‘പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗം’ ; സന്ദീപ് വാര്യര്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന് സന്ദീപ് വാര്യര്‍. നേരത്തെ സമാനമായ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഔത്സുക്യം എന്തുകൊണ്ടാണ് ഇപ്പോള്‍ കാണിക്കാത്തതെന്ന് സന്ദീപ് ചോദിച്ചു. പിസി ജോര്‍ജ് നടത്തിയിട്ടുള്ള പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ടായതിന് പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് അദ്ദേഹം ആരോപിച്ചു.  

നീതി നിര്‍വഹണം കോടതികളുള്ളത് കൊണ്ട് മാത്രം നടപ്പാകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. പിസി ജോര്‍ജ് ഈ പ്രസ്താവനകള്‍ നടത്തിയിട്ടു മാസങ്ങള്‍ എത്രയായി. രണ്ടു മാസത്തിലധികമായി. അദ്ദേഹത്തിനെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേസെടുക്കേണ്ട അവസ്ഥയുണ്ടായത്. കേസെടുത്തതിന് ശേഷവും അറസ്റ്റ് ചെയ്യാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറായില്ല. അദ്ദേഹം കേരളത്തിലെ പൊതുപരിപാടികളിലും മറ്റും തുടര്‍ച്ചയായി പങ്കെടുത്തുകൊണ്ടിരുന്നു. അതിനു ശേഷം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോകുന്നത് – സന്ദീപ് ചൂണ്ടിക്കാട്ടി.

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ കേസ് നടത്തുന്നത് എന്നതും അതേ ഷോണ്‍ ജോര്‍ജിന്റെ പിതാവിനോട് സര്‍ക്കാര്‍ ആനുകൂല്യം കാട്ടുന്നുവെന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടി. മാസപ്പടി കേസിലും പി സി ജോര്‍ജിന്റെ കേസിലുമുള്ള ബിജെപിയുടെ നിലപാടെന്താണെന്ന് സന്ദീപ് ചോദിച്ചു. മാസപ്പടിക്കേസില്‍ ബിജെപിയുടെ പിന്തുണ ഷോണിന് കിട്ടിയിട്ടുണ്ടോ? ആ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിലുള്ള ആവേശം ഒന്നും ഇപ്പോള്‍ ഷോണിനുമില്ലല്ലോ? ബിജെപി ആ വിഷയത്തില്‍ എവിടെയെങ്കിലും അഭിപ്രായം പറയുന്നുണ്ടോ? അതൊക്കെ വഴിയില്‍ ഉപേക്ഷിച്ച് പോയില്ലേ? – അദ്ദേഹം ചോദിച്ചു. ബിജെപി ഫാസിസ്റ്റ് അല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്ന സര്‍ക്കാരിന് പി സി ജോര്‍ജ് വര്‍ഗീയവാദി അല്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാലതാമസമൊന്നുമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

പി സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഇത് ആദ്യത്തെ സംഭവമല്ലല്ലോ എന്നും അദ്ദേഹം നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തി വരികയാണെന്നും സന്ദീപ് പറഞ്ഞു. ഒന്നോ രണ്ടോ തവണയായിരുന്നെങ്കില്‍ സ്വാഭാവികമായും നീതി ന്യായ കോടതികള്‍ അതിനനുസരിച്ചുള്ള പരിഗണനകള്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് നല്‍കേണ്ടതായിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാജ്യത്തെ കോടതികളുടെ ശ്രദ്ധയില്‍ വരുമല്ലോ എന്നും അദ്ദേഹം ചോദിച്ചു. s

Be the first to comment

Leave a Reply

Your email address will not be published.


*