പി സി ജോർജിന് ആരോഗ്യപ്രശ്നം; കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

കോട്ടയം: കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യാനുള്ള അന്തിമ തീരുമാനം.

പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശം. ഇവിടെ ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങൾ പി സിക്കുള്ളതിനാൽ രാത്രിയിൽ ഓക്സിജൻ മാസ്ക് അടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹത്തിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവിൽ പാലാ സബ് ജയിലിൽ ഇല്ലാത്തതിനാലാണ് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിലാണ് പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി സി ജോർജിന് കനത്ത തിരിച്ചടിയായിരുന്നു കോടതി തീരുമാനം.

ഹൈക്കോടതി കൂടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പൊലീസ് കടന്നത്. ഇതിന്റെ ഭാഗമായി പൂഞ്ഞാറിലെ വീട്ടിൽ നോട്ടീസ് നല്കാൻ പാലാ ഡിവൈഎസ്പി നേരിട്ടെത്തിയെങ്കിലും പിസി ജോർജ് ഇല്ലാത്തതിനാൽ തിരികെ മടങ്ങുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച നേരിട്ട് ഹാജരാകാമെന്ന് കാട്ടി ഷോൺ ജോർജ് മുഖേന പിസി ജോർജ് ഡിവൈഎസ്പിക്ക് കത്ത് നല്കി.

ചാനൽ ചർച്ചയിൽ പങ്കെടുക്കവെ വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പിസി ജോർജ് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ യൂത്ത് ലീഗ് പരാതി നല്കിയതോടെ ഈരാറ്റുപേട്ട പൊലീസ് കേസ് എടുക്കുകയായിരുന്നു. പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്കിയെങ്കിലും തള്ളി.

Be the first to comment

Leave a Reply

Your email address will not be published.


*