തലസ്ഥാനത്ത് നടന്നത് ക്രൂര കൊലപാതകം; പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യം അന്വേഷിക്കും, മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകം സമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയ സംഭവമെന്ന് മന്ത്രി ജി ആർ അനിൽ. നടന്നത് ക്രൂര കൊലപാതകം. പ്രതിയുടെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടുവരുന്നുണ്ടെന്നും അഫാൻ ലഹരിക്ക് അടിമയായിരുന്നോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കാമെന്നും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ബന്ധുക്കളെയും പെൺസുഹൃത്തിനെയും പ്രതി അഫാൻ കൊലപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ചാണ്. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പിതാവിന്റെ സഹോദരനായ ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവുകളുണ്ട്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു.

പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് നെടുമങ്ങാട്‌ ഡിവൈഎസ്പി പറഞ്ഞു. ഏത് തരം ലഹരിയെന്നു പരിശോധനക്ക്‌ ശേഷമേ വ്യക്തമാകൂ. സഹോദരൻ അഫ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടേയും ഇൻക്വസ്റ്റ് പൂർത്തിയായി. അഫ്സാൻ്റെ തലക്ക് ചുറ്റും മുറിവുകളുണ്ട്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. ഫർസാനയുടെ നെറ്റിയിലാണ് മുറിവ്. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്.

പ്രതിയുടെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയിരുന്നത്. മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്. ആദ്യം കൊലപ്പെടുത്തിയത് പിതൃമാതാവ് സൽമബീവിയെയാണ്. തുടർന്ന് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തിയ അഫാൻ പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവിരുത്തി കൊലപ്പെടുത്തി. സഹോദരനെയാണ് അവസാനം കൊലപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*