സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാര്‍ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് കോടതി. കൃത്യം നടന്ന 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.

സരസ്വതി വിഹാറില്‍ 1984 നവംബര്‍ 1 ന് ജസ്വന്ത് സിങ്, മകന്‍ തരുണ്‍ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷാവിധിച്ചത്. 1985 സെപ്റ്റംബര്‍ 9നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അക്രമി സംഘത്തെ നയിച്ചത് സജ്ജന്‍ കുമാറാണെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. 1991ല്‍ സജ്ജന്‍ കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 3 വര്‍ഷത്തിനു ശേഷം തെളിവില്ലെന്ന കാരണത്താല്‍ കുറ്റപത്രം തള്ളി. 2015 ല്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യു കോടതി കണ്ടെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്നും മതവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമായതിനാല്‍ വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

ഈ ആവശ്യം തള്ളിയ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ എന്നാല്‍ സജ്ജന്‍ കുമാര്‍ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് നിരീക്ഷിച്ചു. നിലവില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍.

Be the first to comment

Leave a Reply

Your email address will not be published.


*