
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രഉത്സവത്തിന് കൊടിയേറി രാവിലെ 10.45-നും 11.05-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കണ്ഠര്ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യൻ നാരായണൻ എന്നിവർ ചേർന്ന് കൊടിയേറ്റി.
11-ന് സാംസ്കാരികസമ്മേളനവും കലാപരിപാടികളും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. എട്ടാം ഉത്സവദിനമായ മാർച്ച് ആറിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. മാർച്ച് എട്ടിനാണ് ആറാട്ട്.
എല്ലാ ദിവസവും തിരുവരങ്ങിൽ പ്രശസ്തരുടെ കലാ പ്രകടനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യനാൾമുതൽ എഴുന്നള്ളിപ്പിന് പേരുകേട്ട ഗജവീരന്മാർ ഉത്സവത്തിനെത്തും. കൊടിയേറ്റ് നാളിൽ വൈകീട്ട് ഏഴിന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതവിരുന്ന്. ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാത്രി കഥകളി. ഒന്നിന് നളചരിതം ഒന്നാം ദിവസം, ബാലിവിജയം. രണ്ടിന് കല്യാണസൗഗന്ധികം, നരകാസുരവധം. മൂന്നിന് കർണശപഥം, ദക്ഷയാഗം എന്നിങ്ങനെയാണ് കഥകളി.
ഉത്സവദിവസങ്ങളിൽ പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. ചോറ്റാനിക്കര വിജയൻ മാരാർ, ചോറ്റാനിക്കര സത്യൻ നാരായണ മാരാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവുമുണ്ട്.
എട്ടാം ഉത്സവദിവസമായ ആറിന് രാവിലെ നടൻ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി 9.30-ന് ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, രാത്രി 12-നാണ് ഏഴരപ്പൊന്നാനദർശനം.
പള്ളിവേട്ടദിനമായ മാർച്ച് ഏഴിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ മേളപ്രപഞ്ചമൊരുക്കും. രാത്രി പത്തിന് പ്രശസ്ത പിന്നണിഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഭക്തിഗാനമേള-ചിത്രാപൗർണമി. ഗായിക കെ.എസ്.ചിത്രയ്ക്ക് ഏറ്റുമാനൂർ ദേവസ്വത്തിന്റെ സ്നേഹാദരം മന്ത്രി വി.എൻ.വാസവൻ സമർപ്പിക്കും. എട്ടിനാണ് ആറാട്ട്. രാത്രി പത്തിന് സുധാ രഘുനാഥൻ അവതരിപ്പിക്കുന്ന സംഗീതസദസ്സ്. രാത്രി 12-ന് ആറാട്ട് എതിരേൽപ്.
.
Be the first to comment