ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂർ :ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.  പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനി ഷൈനി ഇവരുടെ മക്കളായ അലീന (11) ഇവാന (10) എന്നിവരാണ് മരിച്ചത്.

റെയിൽവേ പോലീസും ഏറ്റുമാനൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.തുടർന്നുള്ള അന്വോഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം.

കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*